കൈരളി സാംസ്കാരികവേദിയിൽ നിന്നും “കേളി” യിലേക്ക്

(Sasi kulamada & Harris)
വർഷം 2008…
യു. കെ. യിൽ സർഗപ്രതിഭകളായ ഒട്ടനവധി കലാപ്രവർത്തകർ വസിയ്ക്കുന്ന പ്രദേശമാണ് ഈസ്റ്റ് ഹാം. ധാരാളം സംഘടനകൾ ഉണ്ടെങ്കിലും എല്ലാവർക്കും അവരുടെ കഴിവുകൾ തെളിയിക്കുവാൻ അവസരം ലഭിയ്ക്കാറില്ല എന്നതാണ് സത്യം. സംഘടനകളെ കുറ്റംപറയുവാനും സാധിയ്ക്കില്ല, കാരണം നിശ്ചിതസമത്തിനുള്ളിൽ നിന്നുകൊണ്ട് വിവിധ പരിപാടികൾ തയ്യാറാക്കുമ്പോൾ പലർക്കും അവസരം നിഷേധിയ്ക്കപ്പെടുന്നത് സ്വാഭാവികം. എന്തുകൊണ്ട് ഒരുകൂട്ടായ്‌മ ഉണ്ടാക്കി ഇങ്ങനെ അവസരം നിഷേധിയ്ക്കുന്നവർക്കും മറ്റും അവരുടെ കലാപരിപാടികളവതരിപ്പിയ്ക്കുവാൻ ഒരു വേദി ഒരുക്കിക്കൂടാ എന്ന ചിന്ത മനസ്സിൽ നാമ്പിട്ടത് ഈ സാഹചര്യത്തിലായിരുന്നു. പലരോടും ഇതിനെക്കുറിച്ചു പറഞ്ഞപ്പോൾ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. എന്നാൽ പിന്തിരിയാൻ തയ്യാറായില്ല. വലിയ ഒരു വേദി ഒരുക്കുന്നതിന് സാമ്പത്തികമുൾപ്പെടെ പലതും തടസമായി.





അപ്പോഴാണ് ഈസ്റ്റ്ഹാമിലുള്ള ശ്രീനാരായണ ഗുരുമിഷൻ ഹാളിനെക്കുറിച്ചു ഓർത്തത്. അവിടെ സാമാന്യം തരക്കേടില്ലാത്ത ഒരു സ്റ്റേജ് ഉണ്ട്, വാടകയും കുറവാണ്. നൂറ്റിയമ്പതോളം ആൾക്കാരെ ഉൾക്കൊള്ളാനും കഴിയും. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. എന്റെ കലാപ്രവർത്തനത്തെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള പ്രീയ സുഹൃത്തും ക്രോയിഡോൺ നിവാസിയുമായ ശ്രീ. എസ്. ജെ. ഹാരിസിനോട് ഇതിനെക്കുറിച്ചു സംസാരിയ്ക്കുകയും ഹാരിസ് പൂർണപിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. മറ്റ് സുഹൃത്തുക്കളായ ജെ. ആർ, ഫ്രെഡിൻ സേവ്യർ, കീർത്തി സോമരാജൻ, സുഭാഷ്, ബിനോയ് എന്നിവർ ഒപ്പം കൂടിയപ്പോൾ കൂടുതൽ കരുത്തായി. അങ്ങനെ കേരളാഹൗസിൽ ഒരു യോഗം വിളിച്ചുകൂട്ടുകയും ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. കൈരളി സാംസ്കാരികവേദി എന്ന് കൂട്ടായ്മയ്ക്ക് പേര് നൽകി. എല്ലാവർഷവും കേരളപ്പിറവി ആഘോഷം സംഘടിപ്പിയ്‌ക്കുക എന്നതായിരുന്നു തീരുമാനം. കലാപരിപാടികൾ അവതരിപ്പിയ്ക്കുന്നവർക്കു പ്രോത്സാഹനസമ്മാനമായി “കേളീ പുരസ്‌കാരം” ഏർപ്പെടുത്തി.
സിംഗപ്പൂരിലും, ലണ്ടനിലും കലാരംഗത്ത് നിറഞ്ഞുനിന്നിരുന്ന ഒരു അതുല്യകലാപ്രതിഭയായിരുന്നു ആർട്ടിസ്റ്റ് ശിവാനന്ദൻ കണ്വാശ്രമത്. നാടകകൃത്ത്, കവി, ഓട്ടൻതുള്ളൽ രചയിതാവ്, രംഗശില്പി, സർവ്വോപരി നല്ലൊരു ചിത്രകാരൻ എന്നീ നിലകളിൽ തന്റേതായ വ്യക്തിമുദ്രകൾ പതിപ്പിച്ചു കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയ അദ്ദേഹത്തിന്റെ പേരിൽ “ആർട്ടിസ്റ്റ് ശിവാനന്ദൻ കണ്വാശ്രമത് അനുസ്മരണ പുരസ്‌കാര”വും ഏർപ്പെടുത്തി. (ബോധി UK പുരസ്‌കാരം സ്പോൺസർ ചെയ്തു.)
2008 നവംബർ 1 ന് SNGM ഹാളിൽ തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിയാക്കി യു. കെ. യിലെ തലമുതിർന്ന കലാകാരന്മാരായ വെട്ടൂർ. ജീ. കൃഷ്ണൻകുട്ടി, വില്ലൻ ഗോപി, രവി പിള്ള(ജെ . ആർ) എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ട് കൈരളി സാംസ്കാരികവേദിയ്ക്ക് തുടക്കം കുറിച്ചു. വിവിധയിനം കലാപരിപാടികൾ കൊണ്ട് സമ്പുഷ്ടമായിരുന്നു വേദി. ശ്രീമാന്മാരായ വില്ലൻ ഗോപി, രവി പിള്ള എന്നിവർക്ക് ആദ്യ കേളീ പുരസ്‌കാരം സമ്മാനിച്ചു. ശ്രീ. വെട്ടൂർ. ജീ. കൃഷ്ണൻകുട്ടിയ്ക്ക് ആർട്ടിസ്റ്റ് ശിവാന്ദൻ കണ്വാശ്രമത് അനുസ്മരണ പുരസ്കാരവും നൽകി ആദരിച്ചു. വൈകിട്ട് 5 മണിക്ക് ആരംഭിച്ച പരിപാടി അവസാനിച്ചപ്പോൾ രാത്രി 11 മണി ആയിരുന്നു. മധു പിള്ള, രോഹണി ദയാനന്ദ് എന്നിവരായിരുന്നു അവതാരകർ. കലാപരിപാടികൾ അവതരിപ്പിയ്ക്കുവാൻ വന്ന ആർക്കും വേദി ലഭിയ്ക്കാതെ നിരാശപ്പെട്ട് തിരിച്ചുപോകേണ്ടിവന്നില്ല. പ്രവേശനം സൗജന്യമായിരുന്നു എന്നാൽ അഭ്യുദയകാംഷികളായ ധാരാളം പേർ സംഭാവന നൽകി. സംഭാവന യായി ലഭിച്ചമുഴുവൻ തുകയും നാട്ടിൽ ആയിടയ്ക്ക് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന “കണ്ണാടി” എന്ന പരിപാടിയ്ക്ക് സംഭാവന നൽകി.
2009 മുതൽ കൈരളി സാംസ്കാരിക വേദി “കേളി” എന്നാക്കി മാറ്റി. സുഹൃത്തുക്കളായ സുഗേഷ് ഭാസ്കരൻ, ബൈജു ഗോപിനാഥ് എന്നിവർ കൂടി ഞങ്ങളോടൊപ്പം ചേർന്നു. 2008 മുതൽ 2017 വരെ തുടർച്ചയായി കേളി കേരളപ്പിറവി ആഘോഷിയ്ക്കുകയുണ്ടായി. കേരളപ്പിറവിയാഘോഷത്തിന് പുറമേ “വാർദ്ധക്യത്തിലെ ഏകാന്തത” (സംവാദം), “സ്മൃതി സന്ധ്യ” (സംഗീതപരിപാടി) എന്നിവയും സംഘടിപ്പിയ്ക്കുകയുണ്ടായി. 2018 മുതൽ 2024 വരെ ചിലകാരണങ്ങളാൽ കേരളപ്പിറവി ആഘോഷിയ്ക്കുവാൻ കേളിക്ക് കഴിഞ്ഞില്ല. 2025 നവംബർ 1 നു കേളി വീണ്ടും കേരളപ്പിറവി ആഘോഷിയ്ക്കുന്നു. MAUK യുടെ നാടകവിഭാഗമായ ദൃശ്യകലയുടെ ഏറ്റവും പുതിയ നാടകമായ “തെയ്യം” നാടകവും ഉണ്ടായിരിയ്ക്കുന്നതാണ്. കേളിയുടെ ഉത്ഭവത്തെക്കുറിച്ചു പറഞ്ഞവാക്കുകൾ ഇവിടെ അവസാനിപ്പിയ്ക്കുമ്പോൾ അസ്‌ലം, വക്കം ജി സുരേഷ്‌കുമാർ, രവി ഉണ്ണിത്താൻ, സാംബശിവൻ, അജിത്, ജോയി, ബോണിഫെയ്‌സ്, ഗോമസ്, ശ്രീവത്സലൻ, പ്രകാശ്, ഷെറിൻ സത്യശീലൻ, സത്യകാമൻ സോമരാജൻ, രാജീവ് ആനന്ദൻ (ആരുടെയെങ്കിലും പേരുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ സദയം ക്ഷമിയ്ക്കണം) എന്നിവരെ ഓർക്കാതെ പോകുന്നത് ശരിയല്ല.
കേളിയുടെ എല്ലാ അഭ്യുദയകാംഷികൾക്കും ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു.
സസ്നേഹം
കേളി പ്രവർത്തകർ


