
Author: കെ.നാരായണൻ
തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിർത്തി പങ്കിടുന്ന നാവായിക്കുളം എന്ന ഗ്രാമമാണ് എന്റെ ജന്മദേശം. നൂറ്റാണ്ടുകൾ പഴക്കമുള്ള ശങ്കരനാരായണ ക്ഷേത്രവും, ക്ഷേത്ര പ്രവേശന വിളംബര സ്തൂപവുമാണ് എന്റെ ഗ്രാമത്തിന്റെ മുഖമുദ്രകൾ. ക്ഷേത്രത്തിനു തെക്ക്, കിഴക്ക്, വടക്ക്, പടിഞ്ഞാറ് ദിക്കുകകളിലുള്ള ഒരുകൂട്ടം കലാസ്നേഹികൾക്കിടയിലായിരുന്നു ഞാനെന്റെ ബാല്യകാലം പിന്നിട്ടത്. ഒരുപക്ഷേ അവരിൽ നിന്നാകണം കലാപരമായ എന്തെങ്കിലും കഴിവുകൾ എന്റെ മനസിലും കടന്നു കൂടിയത്. കൂടാതെ വീട്ടിൽ അമ്മൂമ്മയുടെ സ്ഥിരമായുള്ള ഭാഗവത പാരായണവും ഒരു ഘടകമാണ്.

നാലാം ക്ളാസിൽ പഠിക്കുമ്പോൾ അന്ന് പഠിച്ചിരുന്ന സ്കൂളിലെ യുവജനോത്സവത്തിൽ അവതരിപ്പിച്ച നാടകത്തിലായിരുന്നു ഞാൻ ആദ്യമായി അഭിനയിക്കുന്നത്. നാടകങ്ങൾ പലതും കണ്ടിട്ടുണ്ടെങ്കിലും, നാടകം എന്താണെന്ന് മനസിലാകാത്ത പ്രായത്തിൽ സുകുമാരൻ സാറിന്റെ നിർബന്ധത്തിൽ അന്ന് നടത്തിയ ഒരഭ്യാസം എന്ന് മാത്രമേ ഇപ്പോൾ അതിനെക്കുറിച്ചോർക്കുമ്പോൾ പറയാൻ കഴിയൂ. സാംസ്കാരിക തലസ്ഥാനമായ തൃശൂരിലായിരുന്നു നാലാം ക്ളാസിനു ശേഷമുള്ള വിദ്യാഭ്യാഭാസ ജീവിതം. നാട്ടിലല്പം ‘കളി ‘ കൂടുന്നതുകൊണ്ട് പഠിച്ചു നന്നാകാൻ ആയിരുന്നു ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായ അപ്പച്ചിയുടെ മകനോടൊപ്പം താമസിച്ചു പഠിക്കാൻ അമ്മ എന്നെ അവിടേക്കു അയച്ചത്.
ചേരൂർ എൻ.എസ്. യു പി എസിൽ തിരോന്തിരം കാരനായ ഞാനൊരു വിദേശ വിദ്യാർത്ഥിയായിരുന്നു. പഠിത്തത്തിൽ പുരോഗമിച്ചില്ലെങ്കിലും, കലാപരമായി ഒരുപാട് അറിവു നേടാൻ ഇവിടം കൊണ്ട് സാധിച്ചു എന്ന് പറയേണ്ടിയിരിക്കുന്നു. അടുത്ത വീടുകളിലെ കുട്ടികളുടെ സംഗീത പഠനം കേട്ട് വളരാൻ കഴിഞ്ഞതാണ് അതിലൊന്ന്. അങ്ങനെയെപ്പോഴോ ഒരു മൂളിപ്പാട്ട് പാടിയത് മാലതി ടീച്ചർ കേൾക്കാനിടയായതാണ് വീണ്ടുമൊരു സ്കൂൾ നാടകത്തിൽ എന്നെ കൊണ്ടെത്തിച്ചത്. ഇക്കുറി അഭിനയം സ്റ്റേജിൽ ആയിരുന്നില്ല. അക്കാലത്ത് എല്ലാ ഞായറാഴ്ചകളിലും ജില്ലയിലെ തെരെഞ്ഞെടുത്ത സ്കൂളുകളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ബാലകോകിലം പരിപാടിക്ക് വേണ്ടി ഞങ്ങളുടെ സ്കൂളിൽ നിന്നും അവതരിപ്പിച്ച റേഡിയോ നാടകമായിരുന്നു അത്. തൃശൂർ രാമപുരത്തുള്ള എ ഐ ആർ സ്റുഡിയോയോവിൽ മൂന്ന് ദിവസത്തോളമുള്ള റിക്കോർഡിങ് എന്നാണ് ഓർമ. റെക്കോർഡിങ്ങിന് ശേഷം വീണ്ടും ഒരു മാസം കഴിഞ്ഞുള്ള ഞായറാഴ്ച രാവിലെ പത്ത് മണിക്ക് സ്വന്തം ശബ്ദം റേഡിയോവിലൂടെ കേൾക്കാനായത് ഇപ്പോഴും മനസ്സിൽ തങ്ങി നില്കുന്നു.
സ്കൂൾ വിദ്യാഭ്യാസ ജീവിതത്തിന്റെ വിധി നിർണായകമായ അടുത്ത ഘട്ടം തുടങ്ങുന്നത് തൃശൂർ മോഡൽസ് ബോയ്സ് ഹൈ സ്കൂളിൽ ആയിരുന്നു. അവിടെയും തിരോന്തിരം കാരനായ ഞാനെന്ന വിദേശിക്ക് സ്കൂളിലെ മുതിർന്നവർ നടത്തുന്ന നാടക ക്ലബ്ബിൽ സജീവ സാന്നിധ്യമാകാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല. സ്കൂളിനോട് ചേർന്ന് തന്നെയായിരുന്നു ഗവ: ആർട്സ് കോളേജും പ്രവർത്തിച്ചിരുന്നത്. അവിടുത്തെ ചേട്ടന്മാരോട് ചങ്ങാത്തം കൂടാനും, നാടകമുൾപ്പെടെയുള്ള കലാപ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാകുന്നതും ഇക്കാലയളവിൽ ആയിരുന്നു.
ഒൻപതാം ക്ളാസിൽ പഠിക്കുമ്പോഴായിരുന്നു ആ വർഷത്തെ യുവജനോത്സവത്തിൽ എന്റെ സ്കൂളിൽ നിന്നും മത്സരത്തിൽ പങ്കെടുക്കുന്ന നാടകത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുവാൻ അവസരം ലഭിക്കുന്നത്. സ്റ്റേജിന് പിന്നിൽ അഭിനേതാക്കളുടെ ഓരോ ചലനവും സസൂഷ്മം നിരീക്ഷിച്ചു വേണ്ടി വന്നാൽ ആംഗ്യ ഭാഷയിലൂടെ അവർക്കു വേണ്ടുന്ന നിർദേശങ്ങൾ നൽകുക എന്നതായിരുന്നു അത്. മത്സരം അത് എന്ത് തന്നെ ആയാലും ഒന്നാം സ്ഥാനത്തിൽ കുറഞ്ഞതൊന്നും അംഗീകരിക്കാത്ത കുറുപ്പാൾ മാഷ് ഹെഡ്മാസ്റ്റർ ആയിരുന്ന കാലം. അതു കൊണ്ട് തന്നെ നാടകത്തിന്റെ മേല്നോട്ടക്കാരനായ ഞങ്ങളുടെ മലയാളം മാഷിന്റെ പരിഭ്രമം ഇപ്പോഴും ഓർമയിൽ നില്കുന്നു. നിർഭാഗ്യവശാൽ അന്ന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തരാകേണ്ടി വന്നെങ്കിലും നാടകാവതരണത്തിന്റെ ബാലപാഠങ്ങൾ മനസിലാകുന്നതും പ്രോത്സാഹനമാകുന്നതും മോഡൽസിലെ പഠനകാലത്തായിരുന്നു.
ഇതേ സമയം തന്നെ സ്കൂൾ അവധിക്കാലത്ത് എന്റെ അണ്ണന്റെ ഓഫിസ് (ഏജീസ് ഓഫീസ് ) റിക്രിയേഷൻ ക്ലബ് അവതരിപ്പിച്ച ജി.ശങ്കരപ്പിള്ള സാറിന്റെ ‘കിഴവനും കഴുതയും’ എന്ന നാടകത്തിന്റെ പരിശീലന കളരിയിൽ സ്ഥിരസാന്നിധ്യമാകാൻ കഴിഞ്ഞതും ഒരു ഭാഗ്യമായി ഓർക്കുന്നു ഞാനിവിടെ. ജീവിതത്തിൽ എപ്പോഴെങ്കിലും ഈ നാടകം എന്റെ സ്വന്തം രീതിയിൽ എവിടെയെങ്കിലും അവതരിപ്പിക്കണം എന്നൊരു ആഗ്രഹവും, അതിനൊരു വേദി ലണ്ടനിൽ ഒരുങ്ങിയതും ചരിത്ര നിയോഗം.
കാലം കടന്നു പോയി. പത്താം ക്ളാസ് എന്ന കടമ്പക്ക് ശേഷം, കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തു നിന്നും മനസ്സിൽ പതിഞ്ഞ കുറച്ചു സംഗീതവും, നാടകാനുഭവങ്ങളുമായ് ജീവിതം വീണ്ടും നാവായിക്കുളമെന്ന സ്വന്തം ഗ്രാമത്തിലേക്ക്.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നാടാകെ മാറിയിരിക്കുന്നു. തെരുവ് നാടകങ്ങളും, ഏകാങ്ക നാടകങ്ങളും ഒരോ ദിക്കിലും സജീവം, പണ്ട് നാലാം ക്ളാസിൽ എന്നോടൊപ്പം അഭിനയിച്ച ജയകുമാറും, ശ്രീകണ്ഠനുമെല്ലാം മികവുറ്റ നടന്മാരായി മാറിയിരിക്കുന്നു. അവരുടെ നാടക പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും. അവരിലിറോളാരാളായി മാറാനും എനിക്ക് അധികമൊന്നും കാത്തുനിൽക്കേണ്ടി വന്നില്ല. അങ്ങിനെ എന്റെ മനസിലെ നാടക മോഹങ്ങൾ വീണ്ടും വളരാൻ തുടങ്ങി. എന്റെ ഗ്രാമത്തിലെ പി. എസ് . എ. സിയുടെയും, നിള സാംസ്കാരിക വേദിയുടെയും നാടക പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു. അഭിനയമല്ല എന്റെ തട്ടകമെന്നുള്ള തിരിച്ചറിവിന്റെ നാളുകൾ ആയിരുന്നു അത്.
ആറ്റിങ്ങൽ ഗവർമെന്റ് ആർട്സ് കോളേജിൽ പഠിക്കുന്ന സമയത്തായിരുന്നു അവിടുത്തെ പാരലൽ കോളേജ് അദ്ധ്യാപകനായ രാമചന്ദ്രൻ സാറുമായി പരിചയമാകുന്നത്. നല്ലൊരദ്ധ്യാപകനും, അതുപോലെ തന്നെ നല്ലൊരു നടനുമായിരുന്നു അദ്ദേഹം. അക്കാലത്തെ പ്രമുഖ നാടക സമിതിയായ തിരുവനന്തപുരം സൗപർണികയുടെ നാടകങ്ങളിൽ പ്രധാന വേഷം ചെയ്തിരുന്ന അദ്ദേഹമായിരുന്നു അവരുടെ റിഹേഴ്സൽ ക്യാമ്പുകളിൽ പങ്കെടുക്കുവാൻ അവസരം തന്നതും, അതിലൂടെ നാടകാവതരണത്തെ കുറിച്ച് കുറച്ചുകൂടി അടുത്ത് മനസിലാക്കാൻ എനിക്ക് കഴിഞ്ഞതും. എന്റെ അമിതാവേശം കണ്ടിട്ടാകണം പഠനവും, നാടകവുമൊരുമിച്ചു കൊണ്ടുപോകാൻ ശ്രമിക്കണമെന്ന് അദ്ദേഹം അന്നെന്നെ ഉപദേശിച്ചത്. അങ്ങിനെ സ്വന്തം ഗ്രാമത്തിൽ തന്നെ നാടകവും, പാട്ടുമൊക്കെയായി ജീവിതം കൊണ്ടു പോകാമെന്ന വ്യാമോഹത്തിൽ കഴിയുമ്പോഴായിരുന്നു വീണ്ടുമൊരു നാടുകടത്തൽ. അതും അമ്മയുടെ ഇടപെടലിലൂടെ സൂര്യൻ അസ്തമിക്കാത്ത നാട്ടിലേക്ക്.
യു.കെ മലയാളി സമൂഹത്തിലെ മൂന്നാം തലമുറക്കാരിൽ ഒരുവനായി ഞാൻ എത്തിപ്പെട്ടത് ക്രോയ്ഡോണിൽ ആയിരുന്നു. എന്നെപ്പോലെ തന്നെ ഈസ്റ്റ്ഹാമിലും.സൗത്താളിലും സമപ്രായക്കാർ ധാരാളമുണ്ടെന്ന് വഴിയേ മനസിലായി. തികച്ചും അപരിചിതമായ ഈ രാജ്യത്തു ഞാനാദ്യം കേട്ട മലയാളി സംഘടനകളിൽ ആദ്യത്തേത് എം.എ .യു .കേയും ക്രോയ്ഡോണിലേ കെ.സി.ഡബ്ല്യൂ.എ യും ആയിരുന്നു. എനിക്ക് മുന്നേ വന്നവർ ഈ രണ്ടു സംഘടനകളിലും പ്രവർത്തിച്ചിരുന്ന കാലം.
വർഷത്തിലൊരിക്കലുള്ള ഓണാഘോഷം എന്നത് മാറി യു.കെയുടെ മണ്ണിൽ മലയാളി കലാസംസ്കാരിക പ്രവർത്തനങ്ങളുടെ നവോഥാന കാലത്തിനു തുടക്കം കുറിച്ചതും മൂന്നാം തലമുറക്കാർ ആയിരുന്നു എന്നത് എടുത്ത് പറയേണ്ടത് തന്നെയാണ്.
തൊണ്ണൂറുകളുടെ തുടക്കം മുതൽ ആയിരുന്നു യു.കെ മലയാളികൾക്കിടയിൽ നാടക വേദി കൂടുതൽ കരുത്താർജിക്കുന്നത്. ഇക്കൂട്ടത്തിൽ ആദ്യമായി ഏകാംഗ നാടക മത്സരവുമായി മുന്നോട്ട് വന്നത് സൗത്താൾ കേരളൈറ്സ് അസോസിയേഷൻ ആയിരുന്നു. ഈ ഒരാശയം ഉറങ്ങി കിടന്ന സംവിധാന ചിന്ത വീണ്ടും മനസ്സിൽ ഉണർത്തുകയും, അ തിലൂടെ പണ്ട് മനസ്സിൽ കുറിച്ചിട്ട കിഴവനും കഴുതയും എന്ന നാടകം ഇതിനോടകം പരിചയപ്പെട്ട ചില സുഹൃത്തുക്കളുമായി ചേർന്ന് പരിമിതമായ അറിവിനുള്ളിൽ നിന്ന് കൊണ്ട് ചിട്ടപ്പെടുത്തി മത്സരിച്ചതുമാണ് എന്റെ ആദ്യത്തെ സംവിധാനുഭവം.
ആദ്യാനുഭവം തന്ന ആത്മവിശ്വാസം തുടർന്ന് നടന്ന മത്സരങ്ങളിലെല്ലാം കാലിക പ്രാധാന്യമുള്ള പങ്കെടുക്കുവാൻ പ്രചോദനമാവുകയും കുരുക്ഷേത്രം, ഒരു പാറ്റയുടെ വിധി, ധർമ്മ ക്ഷേത്രേ കുരുക്ഷേത്രേ എന്നീ നാടകങ്ങൾ മത്സര വേദിയിൽ എത്തിക്കുവാൻ കഴിഞ്ഞതും ഇക്കാലയളവിലായിരുന്നു.
കാലക്രമേണ നാടക മത്സരങ്ങൾ അരങ്ങൊഴിയുകയും, പ്രൊഫഷണൽ നാടകങ്ങൾ വീണ്ടും സജീവമാവുകയും ചെയ്തു. ഇക്കാലയളവിൽ ഈസ്റ് ഹാമിൽ പ്രിയ സുഹൃത്ത് ശശി കുളമടയുടെ നേതൃത്വത്തിലുള്ള കേളി രാജൻ കിഴക്കനേല സാറിന്റെ നാടകങ്ങളുമായി ഈ രംഗത്ത് തങ്ങളുടെ സാന്നിധ്യം തെളിയിച്ചു കൊണ്ടേയിരുന്നു.
അങ്ങിനെ ചെറിയൊരിടവേളക്ക് ശേഷം ഈസ്റ് ഹാമിലെ ശ്രീ നാരായണ ഗുരു മിഷന് വേണ്ടി ഗുരുവിന്റെ ജീവിത കഥയെ ആസ്പദമാക്കി അവതരിപ്പിച്ച ശ്രീ നാരായണ ഗുരുദേവൻ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടായിരുന്നു ഞാനീ രംഗത്ത് വീണ്ടും എത്തുന്നത്. തുടർന്ന് ക്രിസ്തുവിന്റെ കഥ പറഞ്ഞ സ്നേഹ സാമ്രാജ്യം, ഭദ്രപീഠം, സ്നേഹാലയം, ഈസ്റ് ഹാമിലെത്തന്നെ എൻ.എസ് , എസിനുവേണ്ടി വേണ്ടി അവതരിപ്പിച്ച ശ്രീ ഗുരുവായൂരപ്പൻ ഏറ്റവുമൊടുവിൽ കേരളത്തിന്റെ വീര നായകൻ വേലുത്തമ്പിയുടെ കഥ പറഞ്ഞ വേലുത്തമ്പി എന്ന നാടകം വരെ എത്തി നില്കുന്നു എന്റെ നാടകാനുഭവങ്ങൾ.
ഒരു കൂട്ടായ്മയിലൂടെ ഉരുത്തുരിഞ്ഞു പ്രേക്ഷകരോട് നേരിട്ട് സംവദിക്കുന്ന നാടക കലയിൽ എനിക്കെന്നും പ്രചോദനമായി എന്നോടൊപ്പം നിന്നിട്ടുള്ള പ്രിയ സുഹൃത്തുക്കൾ വിജയകുമാർ ചേന്നൻകോഡിനെയും, അഭിലാഷിനേയും അതുപോലെ തന്നെ ഞങ്ങളുടെ നാടക കുടുംബമായ ക്രോയ്ഡോൺ ഡ്രാമ തിയറ്റേഴ്സിന്റെ മികവുറ്റ അഭിനയ സുഹൃത്തുക്കളേയും ഞാനിവിടെ സ്മരിക്കുന്നു.

