
യു.കെ.യിലെ പ്രസിദ്ധനാടകസമിതിയാണ് ” ദൃശ്യകല ” ( മലയാളി അസോസിയേഷൻ ഓഫ് ദി യു.കെ ) അഥവാ ” ദൃശ്യകല ” ( MAUK ) . ദൃശ്യകലയുടെ ഇരുപത്തിരണ്ടാമത് നാടകമാണ് കഴിഞ്ഞവർഷം അവതരിപ്പിച്ച ” തെയ്യം “. ദൃശ്യകലയ്ക്ക് വേണ്ടി ഇതുവരെ 6 പ്രൊഫഷണൽ നാടകങ്ങൾ സംവിധാനം ചെയ്യുവാനുള്ള ഭാഗ്യം എനിയ്ക്ക് ലഭിച്ചിട്ടുണ്ട് . ഓരോ നാടകവും ഓരോ അനുഭവങ്ങളും , ഓർമ്മകളുമാണ് സമ്മാനിച്ചിട്ടുള്ളത് . ഒരിക്കലും മറക്കുവാൻ കഴിയാത്ത അനുഭവങ്ങളും , ഓർമ്മകളുമാണ് തെയ്യം എന്ന നാടകം എനിയ്ക്കു സമ്മാനിച്ചിട്ടുള്ളത് . മനസികസംഘർഷങ്ങൾ അനുഭവിച്ചതിനു കണക്കില്ല. ആദ്യാവതരണ ത്തിനു ശേഷമാണു അനുഭവിച്ച പിരിമുറുക്കത്തിൽ നിന്നും മോചനം ലഭിച്ചത് . ഏതൊരു സൃഷ്ടിയും പൂർണ്ണതയിലെത്തണമെങ്കിൽ ത്യാഗങ്ങളും ,കഷ്ടപ്പാടും അനുഭവിച്ചേമതിയാകു എന്ന നഗ്നസത്യം മനസിലാക്കുന്നു. നാടകത്തിന്റെ യവനിക ഉയർന്നപ്പോൾ തുടങ്ങിയചങ്കിടിപ്പിന് ശമനമുണ്ടായത് ഇടയ്ക്കിടെയുള്ള പ്രേക്ഷകരുടെ കൈയ്യടി കേൾക്കുമ്പോഴാണ് .
ദൃശ്യകല പുതിയ നാടകം അവതരിപ്പിയ്ക്കുവാൻ താല്പര്യമുണ്ടെന്നറിയിച്ചപ്പോൾ 3 നാടകങ്ങളാണ് ഭാരവാഹികളുടെ മുന്നിൽ വച്ചത് . അമ്മ ഒരു മഹാകാവ്യം , വാസവദത്ത , തെയ്യം . എല്ലാവരും തെയ്യം നാടകം അവതരിപ്പിയ്ക്കുവാനാണ് താല്പര്യം പ്രകടിപ്പിച്ചത് . എനിയ്ക്കും മനസ്സുകൊണ്ട് തെയ്യം മതി എന്നായിരുന്നു . അത്രയ്ക്ക് നല്ലൊരു നാടകമായിരുന്നു . ഏകദേശം നാലുപതിറ്റാണ്ടുകൾക്കു മുൻപ് നാട്ടിൽ അവതരിപ്പിച്ചു ജൈത്രയാത്ര നടത്തിയ നാടകം .
രാജൻ കിഴക്കനേല എന്ന പ്രതിഭാധനനായ നാടകകൃത്തിന്റെ തൂലികയിൽ നിന്നും പിറവിയെടുത്ത നാടകം . അഭിനയകലയിലെ കുലപതികളായ വേണുജി , സുദർശനൻ , സേതുലക്ഷ്മി തുടങ്ങിയവർ നിറഞ്ഞാടിയ നാടകം . നാടകസംവിധാനകലയിലെ മഹാമേരു കൊച്ചിൻ സംഗമിത്രയുടെ അമരക്കാരൻ സതീഷ് സംഗമിത്ര സംവിധാനം ചെയ്തു തിരുവനന്തപുരം അതുല്യ അവതരിപ്പിച്ച സൂപ്പർഹിറ്റ് നാടകം ദൃശ്യകല വേദിയിലെത്തിയ്ക്കുവാൻ തെരഞ്ഞെടുത്തിരിയ്ക്കുന്നു . മുന്നിലുള്ള വെല്ലുവിളികൾ ധാരാളമായിരുന്നു. ഇതുവരെ ചെയ്തതൊന്നും മോശമായിട്ടില്ല ഇതും സർവേശ്വരൻ കൈവിടില്ല സധൈര്യം മുന്നോട്ടു പോകുയെന്ന് മനസ്സിൽ ആരോ മന്ത്രിയ്ക്കുന്നതു പോലെ തോന്നി .
മുച്ചിലോട്ടുഭഗവതി , മരുതിയോടൻ കുരുക്കൾ അഥവാ വിരുന്തൻ തെയ്യം ഈ രണ്ടു തെയ്യങ്ങളുടെ ഉത്ഭവകഥയാണ് ആമുഖരംഗം . പെരിഞ്ചെല്ലൂർ പണ്ഡിതരെ വാദപ്രതിവാദത്തിൽ തോൽപിച്ച ഉച്ചിലയെന്ന മഹാപണ്ഡിതയെ സദസ്സിൽ വച്ച് അപമാനിയ്ക്കുകയും ഭ്രഷ്ട് കല്പിച്ചു നാടുകടത്തുകയും ചെയ്യുന്നു . തുടർന്ന് അഗ്നിയിൽച്ചാടി ആത്മാഹുതിചെയ്യുന്ന ഉച്ചില മുച്ചിലോട്ടുഭഗവതിയായി ഉയർത്തെഴുന്നേൽക്കുന്നു .
ചെറിയക്കുട്ടിയെന്ന തമ്പ്രാട്ടിക്കുട്ടിയ്ക്കു അടിയാളനായ വിരുന്തൻ എന്ന പുലയയുവാവിനോട് അനുരാഗം തോന്നുകയും അവൻ അതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിയ്ക്കുമ്പോൾ ചെറിയക്കുട്ടി അവനെ കയറിപ്പിടിയ്ക്കുകയും അപ്പോളവിടേയ്ക്ക് വരുന്ന ചെറിയക്കുട്ടിയുടെ അമ്മാവനോട് വിരുന്തൻ കയറിപ്പിടിച്ചു എന്ന് കള്ളം പറയുകയും അതിന്റെ പ്രതികാരമെന്നോണം തമ്പുരാൻ മല്ലൻ മാരെക്കൊണ്ടു വിരുന്തനെതല്ലിക്കുന്നു . അത് തടയാൻ ശ്രമിയ്ക്കുന്ന വിരുന്തന്റെ മാതാവിനെ തമ്പുരാൻ കഴുത്തിൽ ചവിട്ടി ഞെരിച്ചു അതിക്രൂരമായികൊല്ലുകയും വിരുന്തനെ മരുത് മരത്തിൽ തൂക്കിലേറ്റിക്കൊല്ലുവാൻ കല്പിയ്ക്കുകയും ചെയ്യുന്നു . തൂക്കിലേറ്റപ്പെട്ട വിരുന്തന്റെ പ്രേതം അലഞ്ഞുതിരിയുകയും തമ്പുരാനെ കഴുത്തിന് ചവിട്ടി കൊല്ലുകയും വിരുന്തൻ മരുതിയോടൻ കുരുക്കൾ അഥവാ വിരുന്തൻ തെയ്യമായി മാറുകയും ചെയ്യുന്നു .
നാടകത്തിന്റെ രണ്ടാംഭാഗം തെയ്യംകെട്ടുകാരുടെ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും , കീഴില്ലത്ത് തമ്പുരാൻ തെയ്യംകെട്ടുകാരുടെ സമുദ്ധാരകനെന്നു പറഞ്ഞു അവരെ ചൂഷണം ചെയ്യുകയും ,ജാതിയും മതവും ഒന്നും ഇല്ല അതിനൊക്കെ നാം എതിരാണെന്ന് മേനിപറയുകയും എന്നാൽ അതൊക്കെ വെറും വാക്കുകൾ മാത്രമായിരുന്നെന്നു കാലം തെളിയിക്കുകയും ചെയ്യുന്നതോടെ തമ്പുരാന്റെ തനിനിറം പുറത്തുവരികയും ചെയ്യുന്നു .
പ്രണയം , വിരഹം ,ദുഃഖം , സംഘർഷം , നാടകീയമുഹൂർത്തങ്ങൾ എന്നിവ ധാരാളമുള്ള നാടകം അതായിരുന്നു തെയ്യം .
നാടകത്തിൽ അഭിനേതാക്കളെ ആവശ്യമുണ്ടന്നു കാണിച്ച് പരസ്യംചെയ്തു ഇരുപത്തിഒന്നിലധികം കഥാപാത്രങ്ങൾ ഉണ്ടായിരുന്നു നാടകത്തിൽ . പരസ്യംകണ്ട് നിരവധിപേർ താല്പര്യംപ്രകടിപ്പിച്ചു മുന്നോട്ടുവന്നു . കൂടുതൽപ്പേരും ലണ്ടന് വെളിയിൽ ഉള്ളവരായിരുന്നു എന്നാൽ എല്ലാശനിയാഴ്ചയും ഉച്ചയ്ക്കുശേഷമാണ് റിഹേഴ്സൽ ക്രമീകരിച്ചിരുന്നത്. എന്നാൽ ഇംഗ്ലണ്ടിലെ തിരക്കുപിടിച്ചതും , യന്ത്രികവുമായ ജീവിതസാഹചര്യങ്ങൾ അവർക്കു വിലങ്ങുതടിയായി പലർക്കും ഷിഫ്റ്റ് ജോലിയാണ് . ശനിയും ഞായറും ചിലപ്പോൾ ജോലികാണും . പ്രധാനമായും ദൂരം ഒരു പ്രശ്നമായി . രണ്ടും മൂന്നും മണിക്കൂർ യാത്രചെയ്താലെ റിഹേഴ്സൽ ക്യാമ്പായ കേരളഹൗസിൽ എത്തിച്ചേരാൻ സാധിയ്ക്കുള്ളു . മനസില്ലാ മനസ്സോടെ താല്പര്യം പ്രകടിച്ചവർ പിന്മാറി .
ഒടുവിൽ ലണ്ടനിലുള്ളവരെ തെരഞ്ഞെടുത്തു .അതിലും ധാരാളം പുതുമുഖങ്ങൾ ഉണ്ടായിരുന്നു . ഒരുപ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കാമെന്നു വാക്കുതന്നിരുന്ന കുട്ടിയ്ക്ക് അപ്രതീക്ഷമായി ഉണ്ടായ ചില അസൗകര്യം മൂലം നാടകത്തിൽ നിന്നും പിന്മാറി അവിടെത്തുടങ്ങുന്നു പ്രശ്നങ്ങൾ . ഒടുവിൽ ആ കഥാപാത്രത്തെ അവതരിപ്പിയ്ക്കുവാൻ മറ്റൊരു പുതുമുഖത്തെ കണ്ടെത്തേണ്ടി വന്നു . ചിലർക്ക് ഇരട്ട കഥാപാത്രങ്ങൾ നൽകി ഒരുവിധം കാസ്റ്റിങ് പൂർത്തിയാക്കുകയും നിരവധിപേരുടെ സാന്നിദ്ധ്യത്തിൽ നാടകത്തിന്റെ പൂജ നിർവ്വഹിയ്ക്കുകയും ചെയ്തു . മലയാളസാഹിത്യലോകത്തെ നിറസാന്നിദ്ധ്യം ശ്രീ . എം . എൻ . കാരശ്ശേരി മാഷും ആ ചടങ്ങിന് സാക്ഷ്യം വഹിയ്ക്കുവാൻ ഉണ്ടായിരുന്നു .
എല്ലാവരുടേയും ഷിഫ്റ്റ് നോക്കിയതിനു ശേഷം റിഹേഴ്സൽ ക്രമീകരിയ്ക്കുന്ന ദൗത്യം നാടകമാനേജർ കൂടിയായ ശ്രീവത്സലനായിരുന്നു . അത് ഭംഗിയായി അദ്ദേഹം നിർവ്വഹിയ്ക്കുകയും ചെയ്തു . റിഹേഴ്സൽ അങ്ങനെ പുരോഗമിക്കവേ അപ്രതീക്ഷമായി എന്റെ മാതാവിനുണ്ടായ അസുഖം മൂലം എനിക്ക് നാട്ടിൽ പോകേണ്ടിവരികയും മൂന്നു മാസങ്ങൾ കഴിഞ്ഞതിനു ശേഷമാണു തിരികെവരാൻ സാധിച്ചതും . ഇതിനിടയിൽ നാട്ടിലിരുന്നുകൊണ്ടു ഓൺലൈനിലൂടെ റിഹേഴ്സലിൽ പങ്കെടുത്തു .
അതിനോടൊപ്പം തെയ്യങ്ങളുടെ നിർമ്മാണം ഏൽപ്പിച്ചത് ദൃശ്യകലയുടെ നാടകങ്ങളായ പുതുപ്പണംകോട്ട , പന്ത്രണ്ട് മക്കളെപെറ്റൊരമ്മ , വരികഗന്ധർവ്വഗായക , ആര്യവൈദ്യൻ വയസ്കര മൂസ് തുടങ്ങിയ നാടകങ്ങൾക്ക് രംഗപടങ്ങളൊരുക്കിയ ചിത്രകാരനും , നാടകനടനും , ശില്പിയും സർവ്വോപരി എന്റെ മാമനുമായ ആർട്ടിസ്റ്റ് : ഏ . ജി . കുളമടയാണ് .
കർട്ടനുകൾ വരയ്ക്കുവാൻ ഏൽപ്പിച്ചത് ദൃശ്യകലയുടെ നിരവധിനാടകങ്ങൾക്കു രംഗശിൽപ്പമൊരുക്കി യിട്ടുള്ള വിജയൻ കടമ്പേരി യെയാണ് . അങ്ങനെ എല്ലാവരും അവരവരെ ഏല്പിച്ചജോലിയിൽ വ്യാപൃതരായി . ഇതിനിടയിൽ ഞാൻ നാട്ടിൽ നിന്നും തിരിച്ചെത്തുകയും റിഹേഴ്സലിൽ കൂടുതൽ ശ്രദ്ധിയ്ക്കുവാനും സാധിച്ചു . നാടകത്തിന്റെ സംഗീതചുമതല പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. പ്രണവം മധുവിനെയാണ് ഏൽപ്പിച്ചത് . അദ്ദേഹം ദുബായിലാണുള്ളത് .
ഏകദേശം മൂന്നുമണിക്കൂർ ദൈർഘ്യ മുള്ള നാടകമാണ് തെയ്യം . അതിനാൽ സംഗീതസംവിധായകൻ നാടകം കാണാതെ മ്യൂസിക് നൊട്ടേഷൻ തയ്യാറാക്കുവാൻ സാധിയ്ക്കില്ല ന്നും അതിനാൽ പ്രണവം മധുവിനെ ഇവിടെ വരുത്തി ശനിയും ,ഞായറും കൊണ്ട് നൊട്ടേഷൻ തയ്യാറാക്കുവാൻ സാധിയ്ക്കുകയും ചെയ്യുമെന്ന് നേരത്തെ ഭാരവാഹികളോട് പറഞ്ഞിരുന്നു . അവർ അത് വാക്കാൽ സമ്മതിച്ചതുമാണ് . മധുവിനെ ഇവിടെ വരുത്തുന്നതിന്റെ ചിലവ് അദ്ദേഹത്തിന്റെ ഒരു സംഗീതപരിപാടി വച്ച് അതിലൂടെ കണ്ടെത്താമെന്നും പറഞ്ഞിരുന്നു . അവസാനം മധുവിനെ വരുത്തുവാൻ സാധിയ്ക്കില്ലന്നു സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഭാരവാഹികൾ ഒഴിവായി . എങ്കിൽ നാടകം പാതിവഴിയിൽ ഉപേക്ഷിയ്ക്കേണ്ടി വരും എന്ന് ഞാനും പറഞ്ഞു അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗ്ഗം കണ്ടെത്തുവാൻ അവരോടു പറഞ്ഞു .
ദൃശ്യകലയ്ക്കുവേണ്ടി ഞാനും മധുവും ആദ്യമായി ഒന്നിയ്ക്കുന്നത് 2005 ൽ അവതരിപ്പിച്ച പൊന്നോണക്കാഴ്ചയ്ക്കുവേണ്ടിയാണ് തുടർന്ന് അഞ്ചോളം പരിപാടികൾ ഞാനും മധുവും ഒരുമിച്ചു ചെയ്തിട്ടുണ്ട് . അതൊക്കെ ഓണാഘോഷപരിപാടികൾക്കാണെന്നുമാത്രം . സന്ദർഭങ്ങൾ ഫോണിലൂടെ വിവരിച്ചുകൊടുക്കുകയും അതനുസരിച്ചു അദ്ദേഹം സംഗീതം ചെയ്യുകയുമായിരുന്നു പതിവ് . അതുപോലെയല്ലല്ലോ മൂന്നുമണിക്കൂർ ദൈർഘ്യമുള്ള, വെല്ലുവിളികൾ ഏറെ നിറഞ്ഞ തെയ്യം പോലൊരു നാടകത്തിനു സംഗീതമൊരുക്കുന്നത് . ഭാരവാഹികൾ പറഞ്ഞത് നൂതന സാങ്കേതിക വിദ്യവഴി സംഗീതം ചെയ്യുവാൻ അവരോടു അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചു വിവരിച്ചിട്ടും രക്ഷയില്ല . രാത്രി ജോലിക്കാരനായ എനിയ്ക്ക് ഉറക്കക്കുറവും , മനസികപിരിമുറുക്കവും കൂടിക്കൂടി വന്നു . എന്നെ ഒഴിവാക്കണമെന്നു മാനേജർ ശ്രീവത്സലനോട് പറഞ്ഞു , മധുവിനോടും കാര്യങ്ങൾ ധരിപ്പിച്ചു . ഇതിനിടയിൽ ഭാരവാഹികളായ സുഹൃത്തുക്കളുമായി മാനസികമായി അകന്നുകഴിഞ്ഞിരുന്നു .
നമ്മൾ ഇതുവരെയും തുടങ്ങിവച്ച സംരംഭം പകുതിവച്ചു നിർത്തിപ്പോയിട്ടില്ല അതിനാൽ നീ ഇത് എങ്ങനെയെങ്കിലും ചെയ്തു തീർക്കണമെന്ന് ഉപദേശിച്ചു . അതിനിടയിൽ മധു ഒരു ആശയം മുന്നോട്ടുവച്ചു ദിവസവും 2/3 മണിക്കൂർ വിഡിയോക്കോൾ വഴി നമുക്ക് മ്യൂസിക് ചെയ്യേണ്ട സ്ഥലങ്ങൾ അടയാളപ്പെടുത്താം . ഞാൻ എല്ലാകഥാപാത്രങ്ങളും അഭിനയിച്ചു കാണിച്ചുകൊടുക്കണം . പറ്റില്ലാന്ന് പറഞ്ഞു ഒഴിവാകാൻ നോക്കിയെങ്കിലും , തെയ്യം അരങ്ങത്ത് എത്തിയ്ക്കണം എന്നൊരു വാശി മനസ്സിൽ നാമ്പിടാൻ തുടങ്ങിയതോടെ മധുപറഞ്ഞ ആശയത്തോട് സമ്മതം മൂളി . രാത്രി ജോലികഴിഞ്ഞു രാവിലെ വീട്ടിലെത്തിയതിന് ശേഷം 12 മണിവരെയെങ്കിലും മധുവും , ഞാനും കൂടി അഭിനയിച്ചു വേണ്ട സ്ഥാനങ്ങളിൽ മ്യൂസിക് അടയാളപ്പെടുത്തിത്തുടങ്ങി . പലതവണ ഓരോ കഥാപാത്രങ്ങളെയും അഭിനയിക്കേണ്ടി വന്നു . ഒരാഴ്ചയോളം ഈ പ്രക്രീയ തുടർന്നു. അപ്പോഴേയ്ക്കും ഉറക്കം ഇല്ലായ്മമൂലം ആരോഗ്യസ്ഥിതി വഴളാകുകയും ചെയ്തു . എങ്കിലും നൊട്ടേഷൻ എല്ലാം പൂർത്തീകരിച്ചു .
ഇതിനിടയിൽ വീണ്ടും എനിയ്ക്ക് നാട്ടിൽ പോകേണ്ടിവന്നു . സ്ക്രിപ്റ്റിൽ അവസാനഭാഗം ഇല്ലായിരുന്നു . നാടകകൃത്തായ രാജൻ കിഴക്കനേല എന്റെ നാട്ടുകാരനായതിനാൽ അദ്ദേഹത്തിനെകാണുവാൻ കൂടുതൽ യാത്ര ചെയ്യേണ്ടിവന്നില്ല . അദ്ദേഹത്തക്കണ്ടു കാര്യം ധരിപ്പിച്ചു സാറിനും നാടകത്തിന്റെ അവസാനം എങ്ങനെയെന്നറിയില്ലായിരുന്നു. ഒടുവിൽ സാർ എങ്ങനെയോ അതിനൊരു അവസാനം കണ്ടെത്തി . മധുവും , ഞാനും ചർച്ച ചെയ്തു . ക്ളൈമാസ് ശരിയാകുന്നില്ല . മാത്രവുമല്ല ഇങ്ങനെ അവസാനിപ്പിയ്ക്കുകയാണെങ്കിൽ പേക്ഷകർ കൂകി വിളിയ്ക്കുമെന്നും പരസ്പരം പറഞ്ഞു. തമ്പുരാനെ ഒന്ന് പേടിപ്പിയ്ക്കണം അതിനുള്ള പോം വഴികണ്ടെത്തണം . അമ്മ യെ ശുശ്രൂഷിയ്ക്കുവാൻ നാട്ടിലെത്തിയ ഞാൻ നാടകത്തിന്റെ ക്ളൈമാക്ക്സിനായി നെട്ടോട്ടം ഓടുന്നു .
രാജൻ സാറിന്റെ അടുത്തു സ്ക്രിപ്റ്റുമായി വീണ്ടുമെത്തി . ഞാനും മധുവും ചർച്ചചെയ്ത ഭാഗത്ത് ഒരു തെയ്യവും കൂടി വന്നാൽ നന്നായിരിയ്ക്കും എന്ന് സാറിനോട് പറഞ്ഞു . ആഭാഗത്ത് ഒന്നോടിച്ചു നോക്കിയതിനു ശേഷം നാളെ വരികയോ , അദ്ദേഹത്തെ വിളിയ്ക്കുകയോ ചെയ്യാൻ പറഞ്ഞു . പരിഹാരമായി എന്ന് മനസ് മന്ത്രിച്ചു . കാരണം രാജൻ സാറിന്റെ സ്വരത്തിനു ദൃഢതയുണ്ടായിരുന്നു . പിറ്റേന്ന് സാർ എന്നെ വിളിയ്ക്കുകയും അപ്പോൾത്തന്നെ ഞാൻ സാറിന്റെ അടുത്തേയ്ക്കു ഓടിയെത്തുകയും സാർ എഴുതിവച്ച ക്ളൈമാക്സ് രംഗം എന്നെ വായിച്ചുകേൾപ്പിയ്ക്കുകയും , എങ്ങനെ ആ ഭാഗം സംവിധാനം ചെയ്യണമെന്ന് പറഞ്ഞു മനസ്സിലാക്കിത്തരികയും ചെയ്തു . വെറും രണ്ടു തെയ്യങ്ങൾ മാത്രം ഉണ്ടായിരുന്ന നാടകത്തിൽ നാലു തെയ്യങ്ങൾ ആയി . പ്രതിഭാധനനായ എഴുത്തുകാരൻ എന്ന് വെറുതെയല്ല അദ്ദേഹത്തെ വിളിയ്ക്കുന്നതെന്ന് ക്ളൈമാക്സിനായി ” കണാരൻ തെയ്യം ” സൃഷ്ടിച്ചതോടെ ബോധ്യമായി . പ്രീയഗുരുവിനു സാഷ്ടംഗംപ്രണാമം . അതിഗംഭീരമായി എല്ലാവരും അഭിനയിച്ചു.ഓരോ സീനുകൾ തീരുന്നതിനുമുന്പ് കരഘോഷമുയർന്നു . ഇത്രയൊക്കെ ത്യാഗങ്ങൾ അനുഭവിച്ചു ചെയ്ത നാടകം വെറും രണ്ടുവേദികളിലാണ് അവതരിപ്പിച്ചത് . നാടകാചാര്യൻ എൻ .എൻ . പിള്ളയുടെ വാചകങ്ങൾ കടമെടുത്തുകൊണ്ടു നിർത്തുന്നു …………
” പിന്നിൽ ഒരു മറ , നിൽക്കാൻ ഒരു തറ , എന്റെ മുന്നിൽ നിങ്ങളും , എന്റെ ഉള്ളിൽ ഒരു നാടകവും ……. ” അതാണ് തീയേറ്റർ .



