
Author: കല്ലമ്പലം അന്‍സാരി
ഓര്‍മ്മകള്‍ കാലപ്രവാഹത്തിന്റെ പിന്നിലേക്ക് പായുകയാണ്. നീന്തിക്കയറുകയല്ല, ഒഴുകിയെത്തുകയാണ്. ഗൃഹാതുര സ്മരണകള്‍ക്ക് അങ്ങനെയൊരു ശക്തിയുണ്ട്. മരം കോച്ചുന്ന തണുപ്പും അന്തരീക്ഷത്തെ അവ്യക്തമാക്കുന്നുവെങ്കിലും ഓര്‍മ്മകള്‍ക്ക് ബ്രിട്ടീഷ് സമ്മറിന്റെ തിളക്കം. ഏതാണ്ട് അഞ്ച് പതിറ്റാണ്ടുകള്‍ക്കപ്പുറം മലയാളി ബ്രിട്ടനില്‍ അവന്റെ തായ്‌വേര് ഉറപ്പിച്ച കാലം.

ബ്രിട്ടനിലേക്ക് മലയാളികള്‍ വ്യാപകമായി എത്തി തുടങ്ങിയ കാലം. ഇന്ന് അറുപത് കടന്നും അതിന്റെ പടിവാതില്‍ക്കലും ചെന്നുനില്‍ക്കുന്ന ബ്രിട്ടീഷ് മലയാളികള്‍ അന്നത്തെ കൗമാര-യൗവനയുക്തരും ആയിരുന്നു. അവര്‍ ആദ്യമായി ബ്രിട്ടനില്‍ വന്നിറങ്ങിയ 80കളിലേക്ക്. പിന്നീട് അവരാണ് മലയാളിയെ ബ്രിട്ടനിലെ ഒരു സമൂഹമെന്ന നിലയില്‍ അടയാളപ്പെടുത്തിയത്. അവര്‍ വന്നെത്തിയത് അതിനു മുമ്പ് തെന്നിയും തെറിച്ചും കുടിയേറിയിരുന്ന ഒരു മുന്‍ തലമുറയുടെ അനന്തരാവകാശികള്‍ ആയിട്ടാണ്. ആ പഴയ തലമുറയാകട്ടെ തങ്ങളുടെ ഒരു നീണ്ട യാത്രയുടെ പര്യവസാനം കുറിച്ചതും ബ്രിട്ടനില്‍ തന്നെ.
ഏതൊരു കുടിയേറ്റത്തിന്റെയും അടിസ്ഥാന കാരണം സാമ്പത്തികം തന്നെയാണ്. കേരളത്തില്‍നിന്ന് ഗള്‍ഫ് കുടിയേറ്റം തുടങ്ങുന്നതിന് മുമ്പ് ശ്രീലങ്ക, മലേഷ്യ, ബര്‍മ്മ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഒട്ടനവധി മലയാളികള്‍ ജീവിതവൃത്തിക്കായി ചെന്നെത്തിയിരുന്നു. മലേഷ്യ ബ്രിട്ടീഷ് കോളനിവാഴ്ചയില്‍ നിന്ന് സ്വതന്ത്രമാകുന്നതിന് മുമ്പ് അതിന്റെ വാലറ്റത്തെ ഒരു ചെറുതുരുത്തായിരുന്നു സിംഗപ്പൂര്‍. നിറയെ ചതുപ്പ് നിലങ്ങളും, കണ്ടല്‍ക്കാടുകളും ഉള്ള ഒരു ചെറിയ നാട്. അത് ഒരു തുറമുഖമായി വികസിപ്പിച്ചെടുത്തത് ബ്രിട്ടീഷുകാര്‍ ആയിരുന്നു. അങ്ങനെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ ചൈനക്കാരും ഇന്ത്യയില്‍ നിന്ന് പ്രധാനമായി തമിഴരും മലയാളികളും ഒക്കെ സിംഗപ്പൂരിലേക്ക് കുടിയേറി. മലയാളികളെക്കാള്‍ എണ്ണത്തിലും സിംഗപ്പൂരിലെ തമിഴരാണ് അന്നും ഇന്നും മുന്നില്‍. സിംഗപ്പൂര്‍ തുറമുഖം ബ്രിട്ടീഷ് സിംഹാസനത്തിന്റെ നാവിക കേന്ദ്രമായി വളര്‍ന്നു വികസിച്ചു. മലയാളികള്‍ നല്ലൊരു വിഭാഗം ക്രൗണ്‍ സര്‍വീസ് എന്നറിയപ്പെടുന്ന ഈ പോര്‍ട്ടിലെ തൊഴിലുകളിലാണ്‌ചെന്നെത്തിയത്. സാധാരണ തൊഴിലാളികളായിരുന്നു മിക്കവരും. പിന്നീടാണ് അവരുടെ ജീവിതത്തിലെ ചരിത്ര മുഹൂര്‍ത്തമായ ഒരു വഴിത്തിരിവ് സംഭവിക്കുന്നത്.
1959ലാണ് സിംഗപ്പൂര്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നത്. ഒരു സ്വയംഭരണ കോളനിയായിട്ടാണ് സിംഗപ്പൂരിന് നിലനിര്‍ത്തിയത്. ആ സമയത്ത് സിംഗപ്പൂരില്‍ നിന്ന് ഒഴിയേണ്ട സ്ഥിതി ബ്രിട്ടീഷ് അധികാരികള്‍ക്ക് വന്നുചേര്‍ന്നു. ഈ അവസരത്തിലാണ് ബ്രിട്ടീഷ് ക്രൗണ്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന എല്ലാപേര്‍ക്കും ബ്രിട്ടീഷ് പൗരത്വം കൊളോണിയല്‍ ഭരണകൂടം വാഗ്ദാനം ചെയ്തത്. അങ്ങനെയാണ് മലയാളികളില്‍ നല്ലൊരു വിഭാഗം ബ്രിട്ടീഷ് പൗരത്വത്തിനായി രജിസ്റ്റര്‍ ചെയ്തത്. 1963ല്‍ സിംഗപ്പൂരിന് മലേഷ്യ തങ്ങളുടെ രാജ്യത്തില്‍ ലയിപ്പിച്ചു. എന്നാല്‍ 1965ല്‍ സിംഗപ്പൂര്‍ ഒരു സ്വതന്ത്ര പരമാധികാര രാജ്യമായി അംഗീകരിക്കപ്പെട്ടു. ഇതിനിടയിലാണ് കുടിയേറ്റ മലയാളികള്‍ തങ്ങളുടെ ബ്രിട്ടീഷ് പൗരത്വം ഉറപ്പിക്കുന്നത്. പിന്നീട് അവര്‍ ഒന്നൊന്നായി ബ്രിട്ടനിലേക്ക് കുടിയേറി പൗരത്വം രജിസ്റ്റര്‍ ചെയ്തു. ഇന്ത്യയിലേക്ക് തിരിച്ചുപോയ മലയാളികളും അല്‍പകാലത്തിനുള്ളില്‍ ഇന്ത്യയിലെ ബ്രിട്ടീഷ് നയതന്ത്രസ്ഥാപനങ്ങള്‍ വഴി തങ്ങളുടെ പൗരത്വരേഖകള്‍ അപേക്ഷിച്ചു വാങ്ങി ബ്രിട്ടനിലേക്ക് എത്തി.
വെറും സാധാരണ തൊഴിലാളികളായിരുന്ന സിംഗപ്പൂര്‍ മലയാളിക്ക് ബ്രിട്ടീഷ് ജീവിതം കടുത്ത വെല്ലുവിളി തന്നെയായിരുന്നു………………… രാത്രികളും, പകലുകളും, തിരിയാത്ത ഇംഗ്ലീഷ് ഭാഷയും, വ്യത്യസ്തമായ സംസ്‌കാരവും, പാരമ്പര്യങ്ങളും, അപരിചിതമായ അന്നപാനീയങ്ങളും എല്ലാം കൂടി കടുകട്ടിയായ ജീവിതം. അന്ന് തീരെ സൗകര്യം കുറഞ്ഞ ഒറ്റമുറികളില്‍ അവര്‍ മൂന്നും നാലും പേര്‍ കിടക്ക വച്ചുറങ്ങി. ഒറ്റയ്ക്ക് പാചകം ചെയ്തു സൂക്ഷിച്ചുവെക്കുന്ന ആഹാരങ്ങള്‍ കൊടും തണുപ്പ് ആയതിനാല്‍ ചീത്തയാകാതെ ദിവസങ്ങളോളം ഇരിക്കും. രാത്രിയും പകലും തിരിയാതെ ഷിഫ്റ്റ് വെച്ച് പണി ചെയ്യാന്‍ ഫാക്ടറികളിലേക്കുള്ള യാത്ര. കാര്‍ ഫാക്ടറികള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റുകള്‍, ബ്രഡ് ഫാക്ടറികള്‍, ലാര്‍ഡ് എന്ന് പറയുന്ന മൃഗകൊഴുപ്പ് വിപണനത്തിന് പാക്ക് ചെയ്യുന്ന കമ്പനികള്‍ തുടങ്ങിയവയില്‍ എല്ലാം മലയാളി അന്ന് നിറസാന്നിധ്യമായിരുന്നു. ഇവരില്‍ തട്ടിയും മുട്ടിയും ഇംഗ്ലീഷ് പറയുന്നവരെ മേല്‍നോട്ടക്കാരും ആക്കി. സായിപ്പിന്റെ കമ്പനികളില്‍ മലയാളിക്ക് വേണ്ടി ഇന്ത്യന്‍ കക്കൂസുകള്‍ വരെ അന്ന് ഉണ്ടായിരുന്നു.
ഒട്ടും സുഖകരമല്ലാത്ത ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയ അന്നത്തെ സിംഗപ്പൂര്‍ പ്രവാസികള്‍ അവരുടെ സ്വന്തം കുടുംബാംഗങ്ങളെ ബ്രിട്ടനിലേക്ക് എത്തിച്ചതോടെയാണ് മലയാളിയുടെ ചരിത്രം മാറിമറിയുന്നത്. മക്കളും മരുമക്കളും ആയ എത്തപ്പെട്ടവര്‍ ബ്രിട്ടനില്‍ വിദ്യാഭ്യാസം ചെയ്യാന്‍ പ്രായമായവരോ നാട്ടില്‍ കലാലയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരോ ഒക്കെയായിരുന്നു. സ്വന്തം മണ്ണിന്റെ ഗൃഹാതുര സ്മരണകള്‍ അവരെ പൊതിഞ്ഞുനിന്നു. മലയാളിയുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ പാതകള്‍ വെട്ടിത്തുറന്നു കൊണ്ട് അവര്‍ കേരളത്തെ ബ്രിട്ടനില്‍ പ്രതിഷ്ഠിച്ചു.
ബ്രിട്ടനിലെ മലയാളികളുടെ സാംസ്‌കാരിക ചരിത്രം പറയുമ്പോള്‍ ഹരിശ്രീ കുറിക്കേണ്ടത് വി.കെ കൃഷ്ണമേനോനില്‍ നിന്നാണ്. ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുമ്പ് സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണമായ അലയൊലികള്‍ ബ്രിട്ടന്റെ മണ്ണിലേക്ക് എത്തിച്ചതില്‍ സുപ്രധാന പങ്ക് വഹിച്ച സംഘടനയാണ് ഇന്ത്യ ലീഗ്. 1928ല്‍ കൃഷ്ണമേനോനാണ് ഇത് സ്ഥാപിച്ചത്. 1929 മുതല്‍ 1947 വരെ അദ്ദേഹം അതിന്റെ സെക്രട്ടറിയായിരുന്നു. സ്വാതന്ത്ര്യാനന്തരം കൃഷ്ണമേനോന്‍ ബ്രിട്ടനിലെ ആദ്യത്തെ ഇന്ത്യന്‍ കമ്മീഷണര്‍ ആവുകയും ഇന്ത്യ ലീഗ് പിരിച്ചുവിടുകയും ചെയ്തു. പിന്നീട് അതിന്റെ അനുഭാവികള്‍ ചേര്‍ന്ന് ഇന്ത്യ ക്ലബ്ബ് രൂപീകരിച്ചു. സെന്‍ട്രല്‍ ലണ്ടനിലെ സ്ട്രാന്‍ഡിലായിരുന്നു ആസ്ഥാനം. ഇന്ത്യയില്‍ നിന്ന് ബ്രിട്ടനില്‍ പഠനത്തിനായി വന്നെത്തുന്ന വിദ്യാര്‍ത്ഥികളുടെ ഒരു കേന്ദ്രമായിരുന്നു ഇന്ത്യ ക്ലബ്. അക്കൂട്ടത്തില്‍പ്പെട്ട ചില മലയാളികള്‍ ചേര്‍ന്നാണ് ഒരുപക്ഷേ ബ്രിട്ടനിലെ തന്നെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ദി യു.കെ സ്ഥാപിക്കുന്നത്. ഈ സംഘടനയ്ക്ക് കൃഷ്ണമേനോന്റെ ഇന്ത്യ ക്ലബ്ബുമായി സഹോദരബന്ധമുണ്ട്. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളും മീറ്റിംഗുകളുമൊക്കെ ഇന്ത്യ ക്ലബ്ബില്‍ വച്ചായിരുന്നു. ലണ്ടന്‍ നഗരത്തിലെ ചുരുക്കം ചില ബൗദ്ധിക മലയാളികളില്‍ ഒതുങ്ങിനിന്ന മലയാളി അസോസിയേഷനെ സാധാരണ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തനസജ്ജമാക്കിയത് ഏതാനും ചില സിംഗപ്പൂര്‍ മലയാളികളും അവരെ അനുഗമിച്ചു വന്ന പുതിയ തലമുറയും ചേര്‍ന്നായിരുന്നു.
ബ്രിട്ടനിലെ ആദ്യത്തെ മലയാളം സ്‌കൂള്‍ 1983 ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ ആരംഭിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മലയാളികള്‍ അധികം അധിവസിക്കുന്ന ഈസ്റ്റ്ഹാം ക്രോസ്‌സോണ്‍, സൗത്താം തുടങ്ങിയ ഇടങ്ങളിലേക്ക് വ്യാപിച്ചു. സംഘടനയ്ക്ക് സ്വന്തമായി ഒരു കെട്ടിടവും വാങ്ങി കേരള ഹൗസ് എന്ന് നാമകരണവും ചെയ്തു. ആ കാലത്താണ് ആത്മീയ ചൈതന്യം തുളുമ്പുന്ന ഗുരു നിത്യചൈതന്യ യതി ബ്രിട്ടനില്‍ എത്തുന്നത്. ശ്രീനാരായണ ആദര്‍ശങ്ങള്‍ക്ക് ആഗോളതലത്തില്‍ പ്രതിഷ്ഠ നേടിക്കൊടുത്ത ഗുരുവാണ് നിത്യചൈതന്യ യതി. അദ്ദേഹമാണ് ബ്രിട്ടനിലെ ശ്രീനാരായണഗുരു വിഷന്‍ എന്ന സംഘടന സ്ഥാപിക്കുന്നതിന് പിന്നിലെ ചാലകശക്തി. ശ്രീനാരായണഗുരു വിഷന്‍ ആണ് മലയാളികള്‍ നയിക്കുന്ന ഒരു സംഘടനയ്ക്ക് സ്വന്തമായി ആസ്ഥാനം സ്വന്തമാക്കിയ ആദ്യത്തെ സംഘടന.
80കളില്‍ സജീവമായ ബ്രിട്ടനിലെ മലയാളി കുടിയേറ്റവും അവരുടെ സാമൂഹികവും സാംസ്‌കാരികവുമായ അടയാളപ്പെടുത്തലുകള്‍ക്കും ശേഷം കാലം പതിറ്റാണ്ടുകളിലൂടെ ഒഴുകി 2025ല്‍ വന്നു നില്‍ക്കുന്നു. അതിനിടയിലൂടെ പതിനായിരക്കണക്കിന് മലയാളികള്‍ ബ്രിട്ടനിലേക്ക് ഒഴുകിയെത്തി. ഇന്ന് യുണൈറ്റഡ് കിങ്ഡത്തിന്റെ ഏത് മുക്കിലും മൂലയിലും പോയാലും മലയാളിയെ കണ്ടെത്താന്‍ ഒരു പ്രയാസവുമില്ല. നാലു മലയാളി കൂടിയാല്‍ രണ്ട് സംഘടന എന്ന് എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്. അന്യോന്യം അംഗീകരിക്കാത്ത തന്‍പോരിമ മലയാളിയുടെ ഗുണമോ ദോഷമോ എന്നറിയില്ല. ഇന്ന് ആയിരങ്ങളെ കൂട്ടി പതിനായിരങ്ങള്‍ പിരിച്ച് കേരളത്തില്‍ നിന്ന് വമ്പന്‍ കലാകാരന്മാരെ അണിനിരത്തി ബ്രിട്ടീഷ് മലയാളി നിറഞ്ഞാ
ടുമ്പോള്‍ യേശുദാസിന്റെയും ജയചന്ദ്രന്റെയും പ്രോഗ്രാമിന് വരെ ആളെ കിട്ടാതെ മലയാളി സംഘാടകര്‍ അശ്രാന്തം ഓടിനടന്ന ഒരു പഴയ കാലഘട്ടം ഉണ്ടായിരുന്നു, മലയാളിയുടെ സ്വത്വം ബ്രിട്ടനില്‍ അടയാളപ്പെടുത്താന്‍, അറിയാത്ത വഴികളിലൂടെ മലയാളി ഓടിനടന്ന ഒരു കാലം.
(ലേഖകന്‍ മലയാളി അസോസിയേഷന്‍ ഓഫ് യു.കെയുടെ പ്രസിഡണ്ടും ശ്രീനാരായണഗുരു വിഷന്റെ സെക്രട്ടറിയും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ വൈസ് പ്രസിഡണ്ടും ആയിരുന്നു)

