
Author: മണമ്പൂർ സുരേഷ്
ഏകദേശം എൺപതു വർഷം മുൻപ് ബ്രിട്ടനിൽ നാഷണൽ ഹെൽത് സർവീസ് രൂപീകരിക്കുന്നതിന് മുൻപ് ഇവിടുത്തെ അവസ്ഥ എന്തായിരുന്നു? നമ്മൾ ഒരു ഡോക്ടറെ വിളിച്ചാൽ ആഴ്ചകൾക്കു ശേഷം വീട്ടിൽ ഒരാൾ വരും, ഒരു “വൃത്തികെട്ട മനുഷ്യൻ”, അയാൾ വരുന്നത് അന്നു ഡോക്ടറെ വിളിച്ചതിന്റെ തുക ഗഡുക്കളായി പിരിക്കാനാണ്. ഈ കാലയളവിൽ ജീവിച്ച എൻ്റെ ഒരു പഴയ അയൽവാസി ബിൽ തൻ്റെ അനുഭവം ഇങ്ങനെ വിവരിച്ചു. അയാൾ അവിടെ വീട്ടിനു മുന്നിൽ ഇരിക്കും. ആ ആഴ്ച കൊടുക്കേണ്ട ഗഡു ലഭിക്കാതെ അയാൾ അവിടെ നിന്നും മാറില്ല.
ആർക്കും ആരോഗ്യ പരിപാലന സംരക്ഷണം ഇല്ലാതിരുന്ന കാലത്തു ലോകത്തിനു തന്നെ മാതൃകയായി , പുതിയ സ്വപ്ന പദ്ധതിയുമായി ഒരു ലേബർ പാർട്ടി ആരോഗ്യ മന്ത്രി വന്നു, അതാണ് നെയ് ബെവിൻ. നെയ് ബെവിൻ്റെ ജീവിത കഥ പറയുന്ന നാടകമാണ് “നെയ്”.
77 വർഷം പിന്നിട്ട NHS ന്റെ കഥ പറയാൻ ലണ്ടൻ നഗരത്തിലെ പ്രസിദ്ധമായ നാഷണൽ തീയേറ്ററിൽ കഴിഞ്ഞ വര്ഷം നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ച “നെയ്” എന്ന നാടകം നെയ് ബെവിൻ്റെ നാടായ വെയിൽസിലെ അവതരണവും കഴിഞ്ഞു വീണ്ടും ലണ്ടനിലെ നാഷണൽ തിയേറ്ററിലേക്ക് വരികയാണ് ഈ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ.
ജീവിതം തന്നെ ഒരു വലിയ സഹന സമരം ആയിരുന്നു നെയ് ബെവിന്. പതിമൂന്നാം വയസ്സിൽ കൽക്കരി ഖനി തൊഴിലാളിയായി തന്റെ ജീവിതം തുടങ്ങുന്നു. തുടർന്ന് ട്രേഡ് യൂണിയനിലൂടെ പഠിച്ചു എംപി ആകുന്നു. എംപി ആയ നെയ്ബവിൻ ആരോഗ്യമന്ത്രിയായി നിയമിക്കപ്പെടുകയാണ്. മടിയിൽ കാശുള്ളവന് മാത്രം ചികിത്സ എന്നുള്ളതായിരുന്നു അന്നത്തെ രീതി. അതു പൊളിച്ചെഴുതുകയായിരുന്നു എൻ എച്ച് എസിൻ്റെ രൂപീകരണം,
പോക്കറ്റിലെ തുക നോക്കാതെ ചികിത്സ ലഭ്യമാക്കുക അതായിരുന്നു എൻഎച്ച്എസ്സിന്റെ ലക്ഷ്യം. അന്നുണ്ടായിരുന്ന എല്ലാ ആശുപത്രികളും എല്ലാ ഡോക്ടർമാരും എൻഎച്ച്എസ്സിന്റെ ഭാഗമായി മാറേണ്ടി വന്നു. ആദ്യം ഡോക്ടർമാരിൽ നിന്നും എതിർപ്പുണ്ടായെങ്കിലും അതൊക്കെ കെട്ടടങ്ങി എല്ലാവരും എൻഎച്ച് എസിൽ ചേരുകയായിരുന്നു.
എൻഎച്ച്എസ്സിന്റെ നേട്ടങ്ങൾ മൂന്നു വാചകത്തിൽ ഇങ്ങനെ പറയാം.
ഒന്ന്: എൻ എച്ച് എസ് വന്നശേഷം ശിശു മരണ നിരക്ക് 50 ശതമാനം കുറഞ്ഞു. അതായത് മുൻപു മരിച്ചു പോകുമായിരുന്ന 10 കുട്ടികളിൽ 5 പേർ രക്ഷപ്പെട്ടു.
രണ്ടു്: ലൈഫ് എക്സ്പെക്റ്റൻസി അഥവാ ആയുർദൈർഘ്യം 12 വർഷം കൂടി ഉയർന്നു.
മൂന്ന്: ഓരോ ദിവസവും 13 ലക്ഷം ആളുകളെ എൻഎച്ച്എസ് ചികിത്സിക്കുന്നു.
ഇതെല്ലാം കയ്യിൽ പൈസയുണ്ടോ എന്ന് നോക്കിയിട്ടല്ല ആളുകളുടെ ആരോഗ്യപരമായ ആവശ്യമനുസരിച്ചാണ് ചികിത്സ. ഇപ്പോൾ ലാഭം ഉണ്ടാക്കാൻ വേണ്ടി നിരവധി കമ്പനികൾ എൻഎച്ച്എസ്സിലേക്ക് കടന്നു വരുന്നുണ്ടെങ്കിലും ചികിത്സ പൂർണമായും സൗജന്യം തന്നെ. ചെലവ് ഏറിയ കാര്യങ്ങൾ മാറ്റിവയ്ക്കണം എന്ന ചിന്ത വരുന്നതോടുകൂടി മാറ്റങ്ങൾ പലതും വരുന്നുണ്ടെങ്കിലും എല്ലാവർക്കും ഇപ്പോഴും സൗജന്യമായി തന്നെ ചികിത്സ ലഭിക്കുന്നു. ഇവിടെ പ്രതിബന്ധങ്ങൾ ഇല്ല എന്നല്ല അതൊക്കെ മറികടന്ന് എൻഎച്ച്എസ് ഇവിടെ നിലനിൽക്കും എന്നാണ് നെയ് ബെവിന്റെ ഈ നാടകം പറയുന്നത്. എൻ എച് എസിനെ സംരക്ഷിക്കണം എന്ന് ചിന്തിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ടിവിടെ.
നാടകം റിയലിസത്തിൽ നിന്നും മാറി സങ്കൽപ്പവും യാഥാർത്ഥ്യവും കൂടി ഇടകലർന്ന ഒരു സർറിയ ലിസ്റ്റ് ശൈലിയിൽ ആണ് അവതരിപ്പിക്കുന്നത്. തുടക്കം മുതൽ അവസാനം വരെ നെയ്ബവിൻ ആശുപത്രിയിൽ കിടക്കയിൽ കിട്ടുന്ന വേഷത്തിലാണ് നാടകത്തിൽ വരുന്നത്. സ്കൂൾ കുട്ടിയായും ക്യാബിനറ്റ് മിനിസ്റ്റർ ആയും പ്രധാനമന്ത്രിയോട് തർക്കത്തിൽ ഏർപ്പെടുന്ന പൊളിറ്റീഷ്യനായും ഒക്കെ വരുന്നത് ഒരേ ആൾ തന്നെയാണ്, അതും ഒരേ വേഷത്തിൽ.
കഴിഞ്ഞവർഷം മെയ് മാസത്തിൽ 1200 പേർക്ക് ഇരിക്കാവുന്ന ലണ്ടനിലെ പ്രസിദ്ധമായ നാഷണൽ തിയേറ്ററിൽ ആദ്യം നെയ് എന്ന നാടകം അവതരിപ്പിക്കുകയും അവിടെ നിന്ന് നെയ് ബെവിന്റെ നാടായ വെയിൽസിലേക്ക് അവതരണത്തിനായി പോവുകയും ചെയ്തു. ഈ നാടകം ഇപ്പോൾ വീണ്ടും നാഷണൽ തിയേറ്ററിലേക്ക് വരികയാണ് ഈ ജൂലൈ മുതൽ.
നാടകത്തിന്റെ സ്റ്റേജിൽ മുഖ്യമായും ഉള്ളത് 9 ആശുപത്രി കിടക്കകളാണ്. ഈ കിടക്കകൾ അതിന്റെ സ്ഥാനങ്ങൾ മാറ്റി ഒരുതരം കോറിയോഗ്രാഫി ചെയ്യുന്ന രീതിയിൽ സ്ഥാനചലനം വരുത്തി സ്കൂൾ റൂമായും പ്രധാനമന്ത്രിയുടെ ഓഫീസായും ക്യാബിനറ്റ് റൂമായും വീടായും ഒക്കെ മാറുകയാണ്. എല്ലാം ഈ കിടക്കുകളുടെ വളരെ രസകരമായ സ്ഥാന ചലനങ്ങളിലൂടെയാണ് നേടിയെടുക്കുന്നത്.
ടിം പ്രൈസ് എഴുതിയ നാടകം റൂഫസ് നോറിസ് സംവിധാനം ചെയ്തു. ഒരു ചരിത്ര സംഭവത്തെ നമ്മുടെ ജീവിതത്തെ എല്ലാ നിലയിലും ബാധിക്കുന്ന ഒരു വിഷയത്തെ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ നാടകം. 33 നടീനടന്മാരാണ് ഇതിലുള്ളത്. നെയ് ബെവിനായി മൈക്കൽ ഷീനും, അദ്ദേഹത്തിന്റെ സഹധർമ്മിണി ജെറീ ലീ ആയി ഷാരൺ സ്മോളും വിൻസ്റ്റൺ ചർച്ചിലായി ജയ വർദ്ധനയും മുഖ്യ കഥാപാത്രങ്ങൾക്ക് ജീവനേകി.
നെയ് ബെവിൻ ഉറക്കെ വീണ്ടും വീണ്ടും പറയുന്ന ഒരു കാര്യമുണ്ടായിരുന്നു എൻ എച്ച് എസ് സംരക്ഷിക്കാൻ ഇവിടെ ആളുകൾ ഉള്ളിടത്തോളം കാലം അത് ഇവിടെ നിലനിൽക്കുക തന്നെ ചെയ്യും. അതിന്റെ ഉത്തമ മാതൃക തന്നെയാണ് “നെയ്” എന്ന ഈ നാടകം.

